ബിനാമി സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. നിര്‍ദേശം സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ബിനാമി സ്വത്ത് സമ്പാദനക്കേസിൽ ജേക്കബ് തോമസിനെതിരെ രണ്ട് പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരിന്‍റെയും പേര് വെക്കാതെയുള്ള ഒരു പരാതിയുമാണ് ലഭിച്ചത്. പേര് വെക്കാതെയുള്ള പരാതിയിൽ തുടർ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സത്യൻ നരവൂർ സമർപ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടത്താനാണ് ശുപാർശ.
ഇക്കഴിഞ്ഞ ജനുവരി 20നാണ് ക്രൈംബ്രാഞ്ച് മേധാവി ശുപാർശ സമർപ്പിച്ചത്. ഇത് സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയോട് അനുമതി ചോദിച്ചെങ്കിലും കോടതി അനുമതി നൽകിയില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെ മേധാവിയായി പ്രവർത്തിച്ച് വരികയാണ് നിലവിൽ ജേക്കമ്പ് തോമസ്. തരം താഴ്ത്തൽ നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സർക്കാർ ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരുന്നു.