Kerala

തൃശൂര്‍ കോര്‍പറേഷന്‍: വിമതന്‍റെ തീരുമാനം നിര്‍ണായകം

തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും ആർക്കാണ് ഭരണം എന്ന കാര്യത്തിൽ തീരുമാനമാകുക. നിലവിൽ 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനും നിലവിൽ എൽഡിഎഫിന്റേതാണ്. അവിടെ വിജയിക്കാനായാലും കേവല ഭൂരിപക്ഷമെന്ന 28 സീറ്റിന് മൂന്ന് സീറ്റുകൾ കുറവായിരിക്കും. കോണ്‍ഗ്രസ് വിമതൻ വർഗീസിന്റെ പിന്തുണയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്. എന്നാൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വർഗീസിന്‍റെ പ്രതികരണം. നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് 23ഉം എൻഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്.

പഞ്ചായത്തുകള്‍ ഇടതിനൊപ്പം

തൃശൂര്‍ ജില്ലയിലെ 86 പഞ്ചായത്തുകളിൽ 65 എണ്ണം എൽഡിഎഫ് നേടി. ഏഴ് നഗരസഭകളിൽ അഞ്ച് എണ്ണത്തിന്റെ ഭരണം ഇടതുമുന്നണി സ്വന്തമാക്കി. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഇടത്തും ഭരണം എൽഡിഎഫിന് തന്നെ. ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകൾ ഇടതുപക്ഷത്തിന് നേടാനായി.

വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ചില തിരിച്ചടികൾ നേരിടേണ്ടിവന്നു. കഴിഞ്ഞ തവണ നേടിയ 19 പഞ്ചായത്തുകളുടെ ഭരണം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ച് ഡിവിഷനുകളും ഏഴ് നഗരസഭകളിൽ രണ്ട് സ്ഥലങ്ങളിൽ ഭരണത്തിലെത്താനും ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം രണ്ട് സ്ഥലത്ത് മാത്രമായി ചുരുങ്ങി.

കോർപറേഷനിൽ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ആറ് ഡിവിഷനുകളിൽ വിജയിക്കാൻ എൻഡിഎക്കായി. കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിലും മുന്നേറ്റമുണ്ടാക്കി. തദ്ദേശ സ്ഥാപനങ്ങളിൽ വോട്ട് ഷെയർ വർദ്ധിപ്പിക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.