പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലയ്ക്ക് കാരണമായത് പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന പ്രതി അഭിഷേകിന്റെ സംശയം. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് അഭിഷേക് കൊലപാതകം നടപ്പാക്കിയത്. പരീക്ഷയ്‌ക്കെത്തിയ അഭിഷേക് പേനാ കത്തി കൈവശം കരുതിയതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടു വർഷമായി നിതിനയുമായി അടുപ്പത്തിലായിരുന്നു എന്നാണ് അഭിഷേക് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. പെൺകുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിതിനയെ വിവാഹം ചെയ്ത് നൽകാമെന്ന് അമ്മയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അഭിഷേക് പറഞ്ഞു. എന്നാൽ അഭിഷേകിന്റെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ഇതിനിടയിൽ പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രം കണ്ടു എന്ന പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് അകൽച്ച രൂക്ഷമായത്. മുമ്പും തർക്കം ഉണ്ടായിട്ടുണ്ടെന്നും നിതിനയുടെ ഫോൺ അഭിഷേക് പിടിച്ചുവാങ്ങിയെന്നും വിവരം ലഭിച്ചെന്നാണ് മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കിയത്.
തന്നെ അവഗണിക്കുന്നതായുള്ള അഭിഷേകിന്റെ പരിഭവങ്ങൾ പെൺകുട്ടി കണ്ടില്ല എന്ന് നടിച്ചതോടെയാണ് അഭിഷേക് പ്രകോപിതനായതെന്നാണ് വിവരം. പ്രണയം സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നതായി അഭിഷേകിന്റെ അച്ഛൻ ബൈജു പറഞ്ഞു. ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ആയുധം കൊണ്ടു നടക്കുന്ന സ്വഭാവം അഭിഷേകിനില്ലെന്നും അച്ഛൻ പറഞ്ഞു.
കോഴ്‌സിന് ചേർന്ന് നിതിനയെ ആദ്യം കണ്ടപ്പോൾ തന്നെ അഭിഷേക് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരസിച്ചപ്പോൾ അഭിഷേക് സ്വന്തം തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ചു. തുടർന്നുണ്ടായ അനുകമ്പ മുതലെടുത്താണ് ഇരുവരും പ്രണയത്തിലായത്. ഇതിനു ശേഷം മോശം പെരുമാറ്റം ഉണ്ടായപ്പോഴാണ് നിതിനയുടെ ജീവനെടുക്കാൻ കാരണമായ വിയോജിപ്പുകൾ ഇവർക്കിടയിൽ ഉണ്ടായത്.