India Kerala

കൂടത്തായി മോഡലിൽ ഭരതന്നൂരിൽ മറ്റൊരു മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

തിരുവനന്തപുരം ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം ചെയ്യും.ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ മൃതദേഹമാണ് പുറത്തെടുക്കുക. തിങ്കളാഴ്ച പതിനൊന്ന് മണിക്ക് മൃതദേഹം പുറത്തെടുക്കും. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് നീക്കം.

2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് കടയിലേക്ക് പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. തെരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ദുരൂഹത സംശയിക്കാന്‍ കാരണമായത്. ആദര്‍ശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. മാത്രമല്ല, തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറവുണ്ടായിരുന്നു. കൊലപാതകം എന്ന നിലയില്‍ ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു. എന്നാല്‍ ദുരൂഹത അഴിക്കാനായിരുന്നില്ല.

2016ലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്.