India Kerala

ബി.കോം പരീക്ഷ വീണ്ടും നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ

ബി.കോം മൂന്നാം സെമസ്റ്ററിലെ പരീക്ഷ വീണ്ടും നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഉള്‍പ്പെട്ടത് കാരണമാണ് കോർപ്പറേറ്റ് അക്കൗണ്ടിംഗ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. പുന:പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.

നേരത്തെ പല തവണ മാറ്റിവെച്ച ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ ബികോം കോർപറേറ്റ് അക്കൗണ്ടിംഗ് പരീക്ഷ നടന്നത്. എന്നാൽ എന്നാൽ 80 മാർക്ക് ചോദ്യപേപ്പറിൽ 50 ശതമാനത്തിലേറെ ചോദ്യങ്ങൾ സിലബസിന് പുറത്തു നിന്നായിരുന്നു. ചോദ്യപേപ്പർ സംബന്ധിച്ച വിവാദങ്ങളെ തുടർന്ന് പരീക്ഷ വീണ്ടും നടത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിനെതിരെയാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നത്

വീഴ്ചയ്ക്ക് കാരണക്കാരായവർക്കെതിരെ വിദഗ്ധസമിതിയെ വെച്ച് അന്വേഷണം നടത്തി നടപടി എടുക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നു. എന്നാൽ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത 29ന് നടക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പരീക്ഷാ കൺട്രോളർ പറഞ്ഞു