അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇൻറർപോൾ സഹായം ആവശ്യമില്ലെന്ന് ഐ.ജി പറഞ്ഞു.
വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ഇയാള്‍ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചിരുന്നത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം ആവശ്യമില്ലെന്നും പൂജാരിയെ വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായുമാണ് ഐ.ജി വിജയ് സാക്കറെ ഇന്ന് വ്യക്തമാക്കിയത്. സെനഗലില്‍ വച്ച് നടന്ന രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചതായും ഐ.ജി പറഞ്ഞു.