Kerala

റഊഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.21 കോടി രൂപ കണ്ടെത്തിയെന്ന് ഇ.ഡി

ക്യാന്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2.21 കോടി രൂപ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്നും എത്തിയതാണെന്നും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. റഊഫിന്റെ അക്കൌണ്ടില്‍ നിന്നും പണം ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറുടെ അക്കൌണ്ടിലേക്കും മാറ്റിയെന്നും ഇ.ഡി റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത റൗഫ് ഷെരീഫിനെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.

റൗഫ് ഷെരീഫ് മൂന്ന് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തന്നെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ അക്കൗണ്ടുകളായി ഉപയോഗിച്ചിരുന്നത്. ഐ.സി.ഐ.സിഐ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി 35 ലക്ഷം രൂപയാണ് കണ്ടെത്തിയത്. പണം വന്നത് 2018 മുതല്‍ 2020 വരെയുള്ള കാലയളവിലാണ്. ജൂണ്‍ മാസത്തില്‍ 29 ലക്ഷം രൂപ വിദേശത്ത് നിന്ന് ഈ അക്കൗണ്ടിലേക്ക് വന്നതായും കണ്ടെത്തി. ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ 67 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ഒക്ടോബര്‍ മാസത്തില്‍ ദോഹയില്‍ നിന്ന് 19 ലക്ഷം രൂപ വന്നിട്ടുണ്ട്. മൂന്നാമത്തെ അക്കൗണ്ട് ആക്‌സിസ് ബാങ്കിലാണ്. 2020ല്‍ 20 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് വന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെരീഫ് പണം ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ അതീഖര്‍ റഹ്മാന്റെ കൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്‍ ഉത്തര്‍പ്രദേശിലേക്ക് പോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ചായിരുന്നു ഇവരുടെ യാത്രയെന്നും റിമാന്‍ഡ് റി‌പ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം റഊഫ് ഷെരീഫിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ജോലിയുടെ ഭാഗമായി മസ്‌കത്തിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം രാവിലെ ഏഴോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് ഇ.ഡി എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. റഊഫ് ഷെരീഫിനെ എന്‍ഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റ് അറസ്​റ്റ്​ ചെയ്​തതിനുപിന്നിൽ രാഷ്​ട്രീയ പകപോക്കലെന്ന്​ ആരോപണം ഉയര്‍ന്നിരുന്നു. പൗരത്വഭേദഗതി നിയമത്തിനും ഹാഥറസ്​ ബലാത്സംഗക്കൊലക്കും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ റഊഫ്​ സജീവ പങ്കാളിയായിരുന്നു. റഊഫിന്റെ അറസ്​റ്റിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്​.