എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള റാസിഖിന്റെ മൊഴിപ്പകര്‍പ്പ്.യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അക്രമി തീകൊളുത്തിയതെന്ന് റാസിഖ് മൊഴിയില്‍ പറഞ്ഞു. പ്രതിയുടെ കയ്യില്‍ ചെറിയൊരു കുപ്പി ദ്രാവകം ഉണ്ടായിരുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പ്രതി നിരീക്ഷിക്കുകയും ചെയ്തു. ഇതിന്‌ശേഷമാണ് യാത്രക്കാരുടെ നേരെ അതിക്രമം നടത്തിയതെന്നും റാസിഖ് പൊലീസിന് നല്‍കിയി മൊഴിയില്‍ വ്യക്തമാക്കുന്നു.
‘പതി പെട്രോള്‍ പോലുള്ള ദ്രാവകം ഒരു ചെറിയ കുപ്പിയിലാക്കിയാണ് കൊണ്ടുവന്നത്. ഇതാണ് യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിച്ചത്. പെട്രോള്‍ കുടഞ്ഞ പാടെ തീയും കൊളുത്തി. ട്രെയിന്‍ നല്ല സ്പീഡിലായിരുന്നു. നേരത്തെ ഇയാളെ കണ്ടപ്പോള്‍ ഫോണോ ബാഗോ ഒന്നും കണ്ടില്ല. നല്ല ഇറക്കം കൂടിയ ഷര്‍ട്ടായിരുന്നു ഇട്ടത്. കാഴ്ചയില്‍ ഹിന്ദിക്കാരനെ പോലെ തോന്നി. തീ പടര്‍ന്ന് കഴിഞ്ഞപ്പോള്‍ ഇത്തയെയും മകളെയും ട്രെയിനില്‍ കണ്ടില്ല. എന്റെ കാലിന് പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ തനിക്ക് ഇനിയും കണ്ടാലറിയാം’. റാസിഖിന്റെ മൊഴിപ്പകര്‍പ്പില്‍ പറയുന്നു.
നിലവില്‍ പുറത്തുവന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശ് ഫായിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.
സിസിടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാന്‍ കാരണം.