India Kerala

വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ടിന് ബലാത്സംഗ ഭീഷണി

വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ടും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ ജബീന ഇർഷാദിന് നേരെ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയർത്തി അശ്ലീല ഭാഷയിൽ കത്തയച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അവഹേളിക്കും വിധം പൊതു പ്രവർത്തകയായ ജബീന ഇർഷാദിനെതിരെ ഇത്തരം ഒരു കത്തയച്ചത് പാലത്തായി വിഷയത്തിൽ അവരും വിമൺ ജസ്റ്റിസ് മൂവ്മെൻറും ഉയർത്തിയ പ്രക്ഷോഭങ്ങളുടെയും പ്രതികരണങ്ങളുടെയും അനുരണനമാണ്.

പൊതു രംഗത്തുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അവഹേളിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാർ ശൈലി തന്നെയാണ് ഇവിടെയും കാണാനാകുന്നത്. സംഘ്പരിവാറുകാർ ചെയ്യുന്ന ഇത്തരം നീച കൃത്വങ്ങൾക്കെതിരെ സാധാരണ ഗതിയിൽ പോലീസ് മൌനം പാലിക്കുകയാണ് പതിവ്. അതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. സംഘ്പരിവാറിനെ സഹായിക്കുന്ന പോലീസ് നിലപാട് തിരുത്തുകയും ജബീന ഇർഷാദിനെതിരെ ഭീഷണി മുഴക്കിയ കുറ്റവാളിയെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.