മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍െറ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിൈവ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ നിര്‍ദേശം നല്‍കി.
വിവാദ പരാമര്‍ശം മലപ്പുറത്ത് നടന്ന പ്രസംഗത്തിനിടെ ആയതിനാല്‍ മലപ്പുറം പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്കും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്‍െറ മേല്‍നോട്ടം തൃശൂര്‍ റേഞ്ച് ഐ.ജിയെ ഡി.ജി.പി ഏല്‍പ്പിച്ചിട്ടുണ്ട്.
പൊന്നാനി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു എ. വിജയരാഘവന്‍െറ വിവാദ പരാമര്‍ശം. രമ്യ ഹരിദാസ് നാമനിര്‍ദേശ പത്രിക കൊടുത്ത ശേഷം ആദ്യം പോയി പാണക്കാട്ട് തങ്ങളെയും അതിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താണെന്ന് എനിക്ക് പറയാന്‍ വയ്യ എന്നായിരുന്നു വിജയരാഘവന്‍െറ പരാമര്‍ശം.