Kerala

കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, കെ. ബാബു എം.എൽ.എയും

രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു

പാലക്കാട് മുതലമടയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു. രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകരുമടക്കമുള്ള 46 പേരോട് ജില്ല മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. മെയ് 14നാണ് മുതലമട സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മെയ് 9,11 തീയ്യതികളിൽ ഇയാൾ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഒമ്പതാം തിയ്യതിയാണ് ആലത്തൂർ എം.പി രമ്യ ഹരിദാസും, നെന്മാറ എം.എൽ.എ കെ. ബാബുവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനിയിലെ വീടില്ലാത്ത വൃദ്ധദമ്പദികളെ മാറ്റി പാർപ്പിക്കുന്നതിന്‍റെ ഭാഗമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. വാളയാർ സംഭവത്തോടെ ജില്ലയിൽ ക്വറന്‍റൈനുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ വിവാദം കത്തി നിൽക്കയാണ് ഒരു സി.പി.എം എം.എൽ.എയോട് ഉൾപെടെ നിരീക്ഷണത്തിൽ പോവാൻ ജില്ല മെഡിക്കൽ ബോർഡ് നിർദേശിച്ചത്.

രോഗിയുണ്ടായിരുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, പഞ്ചായത്ത് സെക്രട്ടറി, മൂന്ന് വാർഡ് മെമ്പര്‍മാർ, മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ പി. സുനിൽ ദാസ്, രോഗിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന 46 പേരാണ് 14 ദിവസത്തെ നിരീക്ഷണത്തിൽ പോയത്. വാളയാർ സംഭവത്തിൽ രമ്യ ഹരിദാസ് എം.പി ക്വാറന്‍റൈനിൽ തുടരുന്നതിനിടെയാണ് പുതിയ സംഭവം. മെയ് 11ന് നേഴ്സുമാരെ ആദരിക്കുന്ന പരിപാടിയിലും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സാമിപ്യം ഉണ്ടായിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുന്നതിന് വേണ്ടി താൽകാലികമായി അടച്ചുപൂട്ടി. അതേസമയം രോഗിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല.