നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് ഹെലികോപറ്ററിൽ ഒരു മണിക്ക് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ എത്തിചേരും. സംസ്ഥാന സർക്കാർ പ്രതിനിധികൾ രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. 3.30 നാണ് ബിരുദാന ചടങ്ങുകൾ ആരംഭിക്കുക. 2018 -2020 ബാച്ചിന്റെ ബിരുദ ദാന സമ്മേളനത്തിൽ 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുക. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പിഎച്ച്ഡി ബിരുദവും 9 പേർക്ക് പിജി ഡിപ്ലോമ ബിരുദവും നൽകും. .
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ സംബന്ധിക്കാൻ 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നാലു ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി കൊച്ചിയിലും, തിരുവനന്തപുരത്തും ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത ശേഷം വെളളിയാഴ്ച ഡൽഹിയിലേക്ക് മടങ്ങും.