Kerala

കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരഭിക്കുന്നത് ആലോചനയിലില്ല; മന്ത്രി എം വി ഗോവിന്ദൻ

കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. മദ്യശാല ആരഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല.

ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസ്റ്റാന്റുകളിലല്ല, ഡിപ്പോകളിലാണ് മദ്യക്കടകള്‍ തുറക്കുകയെന്ന വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ എത്തിയിരുന്നു. മന്ത്രി നേരത്തെ നടത്തിയ പ്രസ്താവനക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം. ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന നടത്തുക. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനമല്ല. ഔൗട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായും ആന്റണി രാജു പറഞ്ഞു.