വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തു. ഇതിനകം സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് അധ്യാപകര്‍ക്കെതിരെയും താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കെതിരെയുമാണ് കേസ്. മരിച്ച ഷഹലയുടെ വീട് ഇന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥ്,വി.എസ് സുനില്‍കുമാര്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദര്‍ശിക്കും.
മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സര്‍വ്വജന സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ പി.കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാളും ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായ കെ.കെ മോഹനന്‍ അധ്യാപകന്‍ ഷാജില്‍ എന്നിവര്‍ക്കെതിരെയും താലൂക്കാശുപത്രിയിലെ ഒരു ഡോക്ടര്‍ക്കെതിരെയുമാണ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. അധ്യാപകരുടെയും ഡോക്ടറുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചപ്പറ്റിയതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി , ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം തുടരുകയാണ്.
ഗുരുതരമായ വീഴ്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധവും ശക്തമാണ്. ജില്ലാ ജഡ്ജി , വിദ്യാഭ്യാസ ഉപ ഡഡയരക്ടര്‍ തുടങ്ങിയവര്‍ നടത്തിയ പ്രാഥമിക പരിശോധനകളില്‍ തന്നെ കുറ്റകരമായ അനാസ്ഥ ബോധ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.