Kerala

‘ശബരിമല പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയം‌’; രമേശ് ചെന്നിത്തല

മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്‍റെ അംഗീകാരം കൂടിയാണിതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്‌. ശബരിമലയിൽ എന്ന പോലെ ഇത്‌ ഭക്തജനങ്ങളുടെ വിജയമാണ്‌. മുൻ യുഡിഎഫ്‌ സർക്കാർ എടുത്ത നിലപാടിന്‍റെ അംഗീകാരം കൂടിയാണിതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ നിർദേശവും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്‍റെ കാലശേഷം ക്ഷേത്രം അനന്തരാവകശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി ഉത്തരവ്. രാജഭരണം ഇല്ലാതായെങ്കിലും രാജാവിന്‍റെ വ്യക്തിപരമായ അധികാരം ഇല്ലാതായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയത്.