അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്പീക്കർക്കെതിരെ പ്രതിപക്ഷം. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പീക്കർ സർക്കാരിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരുടെയും രാഷ്ട്രീയ ചട്ടുകമാകാൻ കഴിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
കിഫ്ബിയിലെയും കിയാലിലെയും സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ടായിരുന്നു വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്. മുൻപ് രണ്ട് തവണയും ഇന്ന് ചോദ്യോത്തരവേളയിലും വന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനാൽ അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.
നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. വാർത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ചത്. ഒരേ വിഷയം വീണ്ടും അനുവദിച്ച കീഴ് വഴക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കൂടിയാണ് സഭയെന്ന ബോധ്യമുണ്ടെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി. പ്രതിപക്ഷ നേതാക്കളുടെ അംഗവിക്ഷേപങ്ങളിലും സ്പീക്കര്‍ അതൃപ്തി പ്രകടിപിച്ചു.
സ്പീക്കർ ചെയറിലല്ല, ഭരണപക്ഷ ബെഞ്ചിലാണ് സ്പീക്കര്‍ ഇരിക്കേണ്ടതെന്ന് ഇന്നലെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.