ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും മന്ത്രി പദവിയിൽ ഇരിയ്ക്കാൻ ധാർമ്മികതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മത്സ്യനയത്തിൽ മാറ്റം വരുത്തിയത് തട്ടിപ്പിന് വേണ്ടിയാണ്. തദ്ദേശീയരായ മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്താനാണ് സർക്കാർ ശ്രമിച്ചത്. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കിൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോയെനേ. ഇ.പി ജയരാജന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. മേൽ വിലാസം ഇല്ലെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തിയ കമ്പനിയുമായി കേരള സർക്കാർ എങ്ങനെ ഒപ്പുവെച്ചുവെന്നും ചെന്നിത്തല ചോദിച്ചു.