ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ലോകായുക്തയെ സമീപിച്ചിരുന്നു. മോദി ചെയ്ത അതേ കാര്യം തന്നെയാണ് പിണറായിയും ചെയ്യുന്നത്. ലോകയുക്തയെ അപ്രസക്തൃമാക്കുന്ന ഓർഡിനൻസ് ഗവർണർ ഒപ്പിടരുത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവുമായോ സ്പീക്കറുമായോ കൂടിയാലോചന നടത്തിയിട്ടില്ല. ഇതിനെക്കാളും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നതായിരുന്നു നല്ലത്. ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറാകുന്നതും.ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നുത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധത്തിനും വഴിയൊരുക്കിയേക്കാം.