India Kerala

ഗവർണർക്കെതിരായ പ്രമേയത്തിലുറച്ച് യു.ഡി.എഫ്

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുറച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി തയ്യാറാകാത്തതിനാലാണ് താൻ പ്രമേയം കൊണ്ട് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി.

പൌരത്വനിയമത്തിനെതിരായ സമരത്തിൽ മേൽക്കൈ ആർക്കെന്ന തർക്കം മുറുകുന്നതിനിടെയാണ് ഗവർണറെ തിരിച്ചുവിളിക്കാനുളള പ്രമേയത്തെ രാഷ്ട്രീയ അവസരമായിക്കൂടി പ്രതിപക്ഷം കാണുന്നത്. പ്രമേയത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിലെ എൽഡിഎഫ് നിലപാട് സംശയാസ്പദമാണെന്ന് ആരോപിക്കുകയും ചെയ്തു.

ഗവർണർക്കെതിരായ പ്രമേയത്തെ മുഖ്യമന്ത്രി പിന്തുണയക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് മുസ്‍ലിം ലീഗ് നേതൃത്വം പ്രതികരിച്ചു.

ഗവർണർക്കെതിരായ പ്രമേയത്തിലെടുക്കേണ്ട നിലപാടിനെ ചൊല്ലി ഇടതുമുന്നണിക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടിക്കണ്ടാണ് സമ്മർദ്ദം ശക്തമാക്കി യു.ഡി.എഫ് നേതൃത്വം രംഗത്ത് വന്നത്.