സംസ്ഥാനത്തിന്റെ പൊതുസ്വത്ത് സര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേര്‍ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രൊപ്പോസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്.
പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം ആക്കുകയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍, പതിച്ചു നല്‍കല്‍, ഭൂ-സംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്, ഇതിനെ മറികടന്ന് പൊതുമരാമത്ത് വകുപ്പ്, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നല്‍കാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും ഗുരുതരമായ കാര്യം, പൊതുമരാമത്ത് വകുപ്പിന്റെ ഇത് സംബന്ധിച്ച ഫയല്‍ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് സംശയാതീതമായി റവന്യൂ മന്ത്രി തന്നെ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കുറുപ്പിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് മേല്‍പറഞ്ഞ ഉത്തരവ് പൊതുമരാമത്ത് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ റവന്യൂവകുപ്പ് മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.