Kerala

സേഫ് കേരള പദ്ധതി തീ വെട്ടിക്കൊള്ള, ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്; രമേശ് ചെന്നിത്തല

എ.ഐ ക്യാമറയ്ക്കായി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് നേതാവ് രമേശ്‌ ചെന്നിത്തല. 358 ലാപ്ടോപ്പുകൾ വാങ്ങി, മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം കൂടുതലിനാണ് വാങ്ങിയത്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരനെ കേസുകളിൽ കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ. നിശബ്ദരാക്കാമെന്ന് കരുതേണ്ട. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഐഎം തെളിയിക്കട്ടെ. അങ്ങനെ സിപിഐഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കേരള പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിച്ചതായി സുധാകരന്‍ പറഞ്ഞു. ഭാര്യയുടെ ശമ്പള വിവരങ്ങള്‍ ഉള്‍പ്പെടെ തേടി അവര്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ഏത് തരം അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എം വി ഗോവിന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കാണുമെന്നും തനിക്കെതിരായ കേസ് സംബന്ധിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.