ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്ര സര്‍ക്കാരും തയ്യാറായില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.
വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലന്ന് മാത്രമല്ല പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് അനുവദിച്ചുമില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയും പ്രധാനമന്ത്രിയുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സ്വര്‍ണ കളളക്കടത്ത് കേസില്‍ സിപിഎമ്മിനെയും പിണറായിയെയും സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരുമാണ്. ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെ പിയുമായി ഡീല്‍ ഉറപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത് ആര്‍എസ്എസ് നേതാവായിരുന്നു. ആ ഡീല്‍ മറച്ച് പിടിക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തി മൈതാന പ്രസംഗം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തില്‍ സിപിഎമ്മിനെ നിലനിര്‍ത്തുന്ന ശക്തി കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണ്. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി സുപ്രിംകോടതിയില്‍ മാറ്റിവെപ്പിക്കപ്പെടുന്നതിന് പിന്നിലും പിണറായി – ബിജെപി രഹസ്യ ബാന്ധവമാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ മറച്ച് വെക്കുന്നതിനുളള ശ്രമമാണ് പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.