India Kerala

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ജോസഫ് എന്ന വ്യക്തി നല്‍കിയ ഹരജി ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഹൈകോടതി പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകനോട് ചോദ്യം ഉന്നയിച്ചത്.

ഗവര്‍ണറും ഹൈകോടതിയും തള്ളിയ ആവശ്യവുമായി മുന്നോട്ടു പോകുന്നത് കോടതിയുടെ സമയം കളയലാകില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ അന്വേഷണ ആവശ്യം ഹൈകോടതി പരിഗണിച്ചില്ലെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ പറഞ്ഞു. എങ്കില്‍ ഹൈകോടതി ഉത്തരവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് 22 ന് പരിഗണിക്കാമെന്നും ജഡ്ജി പറ‍ഞ്ഞു. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പില്‍ കേന്ദ്രം വരുത്തിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്ന നിരീക്ഷണവും കോടതി നടത്തി. മുഖ്യമന്ത്രി, മന്ത്രി ടി.പി രാമകൃഷ്ണന്‍, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, 4 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.