Kerala

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല; കള്ളവോട്ടിന് ശ്രമം നടക്കുന്നു

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരെ മണ്ഡലത്തില്‍ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേര്‍ത്തിരിക്കുകയാണ്. ഒരെ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയതായി കാണാന്‍ കഴിഞ്ഞു. അക്കാര്യം പരിശോധിച്ചപ്പോള്‍ നിരവധി എണ്ണം ഇങ്ങനെ കണ്ടെത്താനായി. കാസര്‍ഗോഡ് ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ പേര് അഞ്ച് തവണ ചേര്‍ത്തിട്ടുണ്ട്. ഒരെ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് അഞ്ച് ഇലക്ടറല്‍ ഐഡി കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട കഥയല്ല. ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരകണക്കിന് കള്ളവോട്ടുകളാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി വേണം കാണാന്‍. കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേപോലെ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തില്‍ 2534 കള്ളവോട്ടര്‍മാരുണ്ട്. തൃക്കരിപ്പൂരില്‍ 1436 പേര്‍, കൊയിലാണ്ടിയില്‍ 4611 പേര്‍, നാദാപുരത്ത് 6171 പേര്‍, കൂത്തുപറമ്പില്‍ 3525 പേര്‍, അമ്പലപ്പുഴയില്‍ 4750 ആളുകള്‍ എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.