ആഭ്യന്തര വകുപ്പിലും പൊലീസിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് വകുപ്പ് കേരളത്തില്‍ കുത്തഴഞ്ഞിരിക്കുകയാണ്. തോക്കുകളും ഉണ്ടകളും കാണാതായത് ഗൌരവമുള്ള കാര്യമാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യമായതിനാല്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ബഹ്റക്കെതിരായ ആരോപണങ്ങള്‍ പി.ടി തോമസ് ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ബഹ്റയെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.ടി തോമസ് പറഞ്ഞ കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സിന് നല്‍കാനുള്ള പണം ബഹ്റ നേരിട്ട് ഇടപെട്ട് വകമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ടെന്‍ഡര്‍ വിളിക്കാതെ ബഹ്റ ഗുരുതരമായ വീഴ്ച്ച വരുത്തിയിരിക്കുന്നു. സര്‍ക്കാരിന്‍റെ അനുമതി വാങ്ങാതെയാണ് ഇങ്ങനെ ചെയ്തത്. ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസ് ആയി മാറിയിരിക്കുന്നു. ബഹ്റയെ മാറ്റണമെന്ന കത്ത് ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്’ ചെന്നിത്തല പറഞ്ഞു.
കെല്‍ട്രോണ്‍ വഴി നടത്തിയതും അല്ലാത്തതുമായ പര്‍ച്ചേസുകളിലും ക്രമക്കേട് നടന്നുവെന്ന് സി.എ.ജി കണ്ടെത്തി. കെല്‍ട്രോണ്‍ വഴി ഇഷ്ടക്കാര്‍ക്ക് പദ്ധതികള്‍ സബ് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്.