India Kerala

പരീക്ഷാ പരിഷ്കരണത്തില്‍ ഇടപെട്ടു: ജലീലിനെതിരെ വീണ്ടും ചെന്നിത്തല

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.യുവില്‍ പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ പരമാധികാരത്തെ മറികടന്നാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ആരോപിച്ചു.

എപിജെ അബ്ദുല്‍കലാം യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതല മന്ത്രി നിര്‍ദേശിച്ച സമിതിക്ക് നല്‍കി. നേരത്തെ ഇത് പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയായിരുന്നു. മന്ത്രിയുടേത് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന നീക്കമാണ്. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ചട്ടങ്ങള്‍ ലംഘിക്കുമെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.