Kerala

കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശ പരിശീലനം: ധൂർത്തെന്ന് ചെന്നിത്തല

സർക്കാർ കോളജിലെ യൂണിയൻ ചെയർമാൻമാർക്ക് വിദേശത്ത് പരിശീലനം നൽകാനുള്ള സർക്കാർ തീരുമാനം ചോദ്യംചെയ്ത് പ്രതിപക്ഷം. സംസ്ഥാനത്തെ ധൂർത്ത് നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മറ്റ് കോളജുകളിലെ ഭാരവാഹികളെക്കൂടി വിദേശത്തയക്കാനാണ് സർക്കാർ തീരുമാനമെന്നാണ് മന്ത്രി കെ.ടി ജലീൽ പറഞ്ഞത്.

നേതൃപാടവ പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം ധൂർത്താണെന്നും അത് തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇത്തരം പദ്ധതികൾ പാഴ്ചെലവാണ്. ഇത് നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോളജ് യൂണിയൻ ഭാരവാഹികൾക്ക് ലോകമറിയാനും അതറിഞ്ഞ് വളരാനുമാണ് അവരെ വിദേശത്തേക്ക് അയക്കുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല. പദ്ധതി കൂടുതൽ കോളജുകളിലേക്ക് വ്യാപിപ്പിക്കും. ആരോപണങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിക്കുമെന്നും മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

വിദേശ പരിശീലനത്തിന് സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളജുകളിലെ യൂണിയൻ ചെയർമാൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിദേശയാത്രയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. ധൂർത്താണെന്ന് ആരോപണം ഉയർന്നെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.