Kerala

രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന: ചരല്‍ ഫൈസലിനെ ചോദ്യംചെയ്യുന്നു

കോഴിക്കോട് രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേര്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി? യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി? അപകടത്തിന് മുന്‍പ് ചേസിങ് നടന്നു? തുടങ്ങിയ സംശയങ്ങള്‍ രാവിലെ മുതല്‍ പൊലീസിന് ഉണ്ടായിരുന്നു.

തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനത്തിനൊപ്പം യാത്ര ചെയ്ത രണ്ട് കാറുകളിലെ എട്ട് പേരെ ചോദ്യംചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ട്. മൂന്ന് വാഹനങ്ങളിലുള്ളവരുടേയും ക്രിമിനില്‍ പശ്ചാത്തലം പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‍കോർട്ട് പോയതാണോ സംഘമെന്ന സംശയമുണ്ടായത്. മയക്കുമരുന്ന് കേസില്‍ ഫൈസലിനെതിരെ പരാതികളുണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു. ചരല്‍ ഫൈസലിനെ പൊലീസ് ചോദ്യംചെയ്യുകയാണ്.

മരിച്ചവരില്‍ ഒരാള്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ബോലീറോ ജീപ്പുമായി എതിരെ വന്ന സിമന്‍റ് ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ ബോലീറോ പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേരും തല്‍ക്ഷണം മരിച്ചു.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ താഹിര്‍, ശഹീര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ വന്ന വാഹനം രണ്ട് തവണ കരണം മറിഞ്ഞ ശേഷമാണ് ട്രക്കിലിടിച്ചതെന്നാണ് ട്രക്ക് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ട്രക്ക് ഡ്രൈവര്‍ക്ക് കാലില്‍ ചെറിയ പരിക്ക് മാത്രമേയുള്ളൂ. അപകടത്തെ തുടര്‍ന്ന് ട്രക്ക് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് രണ്ടായി മുറിഞ്ഞു.