Kerala

രാകേഷ് അസ്താനയുടെ നിയമനത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐപിഎസിനെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും രാകേഷ് അസ്താനയും നിലപാടറിയക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. റിട്ടയര്‍മെന്റിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കേ രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രിംകോടതി വിധിയുടെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആരോപണം.

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്നാണ് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് തലപ്പത്തേക്ക് നിയമിക്കുന്നത്. ഗുജറാത്ത് കേഡറില്‍ 1984 ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അസ്താന. 2022 ജൂലൈ 31 വരെയാണ് രാകേഷ് അസ്താനയുടെ പദവിയുടെ കാലാവധി. സിബിഐയില്‍ നിന്ന് പുറത്ത് പോയ അസ്താനയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കേസ് അന്വേഷിച്ചിരുന്നത് അസ്താനയായിരുന്നു. എസ് എന്‍ ശ്രീവാസ്തവ വിരമിച്ചതിന് ശേഷം എസ്എസ് ബലാജിയാണ് പൊലീസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും അടുത്ത ആളാണ് രാകേഷ് അസ്താന.