Kerala

രാജ്യസഭാ സീറ്റിൽ മത്സരം ഉറപ്പായി; ജോസ് കെ മാണിക്കെതിരെ യുഡിഎഫിൽ നിന്ന് ശൂരനാട് രാജശേഖരൻ മത്സരിക്കും

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 29 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി. ഇടത് മുന്നണിയിലെ ജോസ് കെ മാണിക്കെതിരെ യുഡിഎഫിലെ ഡോ.ശൂരനാട് രാജശേഖരൻ മത്സരിക്കും. ജോസ് കെ മാണി ഇന്ന് നേതാക്കൾക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ നാളെ ഉച്ചക്ക് 12 ന് പത്രിക നൽകും. നിയമ സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയ വിജയം നൽകേണ്ടെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.

നവംബർ ഒമ്പതിന് ചേർന്ന എൽഡിഎഫ് യോ​ഗം രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചിരുന്നു. പിന്നാലെ ചേ‍ർന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാ‍ർത്ഥിയായി തീരുമാനിച്ചത്. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരി​ഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.