കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നീക്കം. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിർദേശം പരിശോധിച്ച് വരികയാണെന്നും അതുവരെ തെരഞ്ഞടുപ്പ് മരവിപ്പിക്കുകയാണെന്നും കമ്മീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് വാര്‍ത്താകുറിപ്പിലുള്ളത്.
ഇന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് കമ്മീഷന്‍റെ ഇടപെടൽ. വയലാർ രവി, അബ്ദുൽ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്.
ഏപ്രിൽ 12ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു ഈ മാസം 17ന് ഇറക്കിയ വാർത്താ കുറിപ്പിൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. അതുപ്രകാരം ഈ മാസം 31 നകം നാമനിര്‍ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ടായിരുന്നു.