സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തനാണ് യോഗം വിളിച്ചത്. വൈകിട്ട് 3.30നാണ് യോഗം. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.