India Kerala

ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും; ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ആണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ബുധനാഴ്ചയോടെ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാകും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴയിലാണ്. ഏഴ് സെന്‍റീമീറ്റര്‍. ലക്ഷദ്വീപിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.