കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 31 ആയി. അനുകൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 105 ആയി.
തൃശൂര്‍ ആനന്ദ പുരത്തു വൃദ്ധയെ ഒഴുക്കില്‍ പെട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് മാധവന്‍ നായരുടെ ഭാര്യ അമ്മിണിയമ്മ (80) ആണ് മരിച്ചത്. വീടിന് സമീപത്തെ കായലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം മുതലുള്ള വടക്കന്‍ ജില്ലകളിലാണ് ഇന്ന് കനത്ത മഴ ലഭിക്കുകയെന്നാണ് കരുതപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും കാസര്‍കോടും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ടാണ് ഈ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചാലക്കുടിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 17 സെന്റിമീറ്റര്‍. പീരുമേട് 15 സെന്റിമീറ്ററും ചേര്‍ത്തല 13 സെന്റിമീറ്ററും രേഖപ്പെടുത്തി. നാളെയോടെ മഴയുടെ ശക്തി കുറയും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിയതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതുമാണ് മഴ കുറയാന്‍ കാരണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ 37 പേരെ കാണാതെയെന്നാണ് സര്‍ക്കാര്‍ കണക്ക്. 1094 ദുരിതാശ്വാസ ക്യാമ്പുകളിലായി 177335 പേരാണ് കഴിയുന്നത്.