കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. കൃഷി മന്ത്രി പി .പ്രസാദ് , ഫിഷറീസ് വകുപ്പ്മന്ത്രി സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്.
ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. നെല്‍കര്‍ഷകരും ആശങ്കയിലാണ്. ഇതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.