കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു
സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
തോട്ടം തൊഴിലാളികളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്. വയനാട്ടിൽ കോറോം ,കരിമ്പിൽ പ്രദേശങ്ങളിൽ നിരവധി വീടുകളില്‍ വെള്ളം കയറി .പ്രദേശത്ത് ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തലപ്പുഴ മക്കിമലയിൽ പൊലീസ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നു
പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു. മച്ചിങ്ങത്തൊടി മൊയ്തീനാണ് ( 70 )മരിച്ചത്. പാലക്കാട് ആലത്തൂർ കേരള പറമ്പിൽ കനാല്‍ പൊട്ടി വീടുകളില്‍ വെള്ളം കയറി. മലപ്പുറത്ത് ചാലിയാറിൽ മല വെള്ളപാച്ചിലുണ്ടായി. നിലമ്പൂർ ടൌണില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നൂറിലധ ആളുകളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്.
ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. നല്ല തണ്ണി സ്വദേശി മാർട്ടിൻ ആണ് മരിച്ചത്. കാണാതായ മറ്റൊരാള്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്. പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറും, കാറിന് സമീപമുണ്ടായിരുന്ന രണ്ട് പേരും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോവുകയായിരുന്നു.
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടി ഷോളയൂരിലും പാലക്കയത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെല്ലിയാമ്പതി ചുരത്തിൽ രണ്ട് സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു വീട് പൂർണ്ണമായും, 35 വീടുകൾ ഭാഗികമായും തകർന്നു.80 ഹെക്ടർ കൃഷി നശിച്ചു. അട്ടപ്പാടിയിൽ നാലാം ദിവസവും വൈദ്യൂതി പുനസ്ഥാപിക്കനായില്ല. ജില്ലയിൽ ഓറഞ്ച് അലർട്ടാണ് ഉള്ളത്.