Kerala

വേനല്‍മഴ തുടരും; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും.

ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക, ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.

അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കണം. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.