Kerala Weather

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 65 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ എല്ലാ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മലയോര പ്രദേശമായ മഴുവന്നൂരില്‍ നിരവധി മരങ്ങള്‍ വീടികളുടെ മുകളിലേക്ക് മറിഞ്ഞുവീണു.