India Kerala

റെയില്‍വേ സ്കൂള്‍ അടച്ച് പൂട്ടുന്നു; സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍

റെയില്‍വേ നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏക സ്കൂള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നു. പുതിയ അധ്യയന വര്‍ഷത്തേക്ക് അഡ്മിഷന്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പാലക്കാട് റെയില്‍വേ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപെട്ട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സമരം നടത്തി.

60 വര്‍ഷം പഴക്കമുള്ള റെയില്‍വേ സ്കൂളാണ് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നത്.കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് അഡ്മിഷന്‍ നടത്തിയിരുന്നില്ല. ഈ വര്‍ഷം മുതല്‍ ഒരു ക്ലാസിലേക്കും അഡ്മിഷന്‍ നടത്താന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകുന്നിലെന്നാണ് പരാതി.

എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെ ഉള്ള ക്ലാസുകളില്‍ 370 കുട്ടികളാണ് കഴിഞ്ഞ തവണ പഠിച്ചത്. ഒരു ക്ലാസില്‍ റെയില്‍വേ ജീവനകാരുടെ കുട്ടികള്‍ 15 പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രം അഡ്മിഷന്‍ നടത്തിയാല്‍ മതിയെന്ന ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം മൂലമാണ് അഡ്മിഷന്‍ നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേ സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂള്‍ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് സമരം ശക്തമാക്കനാണ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനം.