പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി നസീം അടക്കം ഏഴ് പേരിൽ നിന്ന് കഞ്ചാവ് പിടിച്ചു.ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നിർദേശപ്രകാരം നടത്തിയ മിന്നൽപ്പരിശോധനയിലാണ് കഞ്ചാവും മറ്റു ലഹരിയുല്പന്നങ്ങളും പിടിച്ചെടുത്തത്.
സംഭവത്തിൽ നസീം അടക്കം ഏഴ് പേർക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ആശുപത്രി ബ്ലോക്കടക്കം 16 ബ്ലോക്കുകളിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കൂടാതെ 15 കവർ ബീഡി, പാൻ പരാഗ്, സിഗരറ്റ് ലൈറ്ററുകൾ, 160 രൂപ എന്നിവയും കണ്ടെടുത്തു.
ജയിലുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുയർന്ന സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തിയത്. പകൽ ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടുനിന്നു.