Kerala

വധഗൂഢാലോചന കേസ്: ദിലീപിന്‍റെ ഫ്ലാറ്റില്‍ പരിശോധന

നടന്‍ ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റില്‍ പരിശോധന. കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്മെന്‍റിലാണ് പരിശോധന. ദിലീപിന്‍റെ ഫ്ലാറ്റ് ആണിത്. ദിലീപ് അടക്കമുള്ള പ്രതികൾ ഈ ഫ്ളാറ്റിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് പരിശോധന. കോടതി അനുമതിയോടെയാണ് പരിശോധന. ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

അതേസമയം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന്‍റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ദിലീപിന്‍റെ ഹരജിയും വിചാരണ കോടതി പരിഗണിക്കും. ഇതിനിടയില്‍ ദിലീപിന്‍റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പൊലീസിൽ പരാതി നൽകി. തൃശൂർ സ്വദേശി സലീഷിന്‍റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ടു അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ആഗസ്ത് 30 നായിരുന്നു സലീഷിന്‍റെ മരണം. സലീഷ് ഓടിച്ചിരുന്ന കാർ അങ്കമാലി ടെൽക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സലീഷിന്‍റെ മരണത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാർ ദുരൂഹത ആരോപിച്ചിരുന്നു.