India Kerala

രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി മലപ്പുറത്തെ ‘വമ്പത്തി’

വയനാട് എംപിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ലെ വിദ്യാർത്ഥിനി സഫ ഫെബി. സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് മനോഹര പരിഭാഷയാണ് സഫ നിർവഹിച്ചത്. രാഹുല്‍ ഗാന്ധിയെ ഇഷ്ടമായിരുന്നെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സഫ പറഞ്ഞു. സദസ്സിലുള്ളവരെല്ലാം കൈയ്യടികളോടെയാണ് സഫയുടെ പരിഭാഷ സ്വീകരിച്ചത്. മികച്ച പരിഭാഷ നിര്‍വ്വഹിച്ച സഫക്ക് രാഹുല്‍ ചോക്ളേറ്റ് നല്‍കി നന്ദിയും രേഖപ്പെടുത്തി.