രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം നാളെ അവസാനിക്കും. രാവിലെ 11ന് വയനാട് ജില്ലയിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ ഇന്ന് പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
ഇഡി ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഐഎം ശ്രമം. എന്നാൽ എന്‍റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്.
നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.
അതേസമയം,ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്.
സുപ്രിം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.