ന്യൂഡൽഹി: കേരളത്തിൽ പ്രളം കനത്ത നാശനഷ്ടങ്ങൾ വിതച്ചതിനാൽ, കാർഷിക വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു.
കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയവും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും കർഷകരെ ബാധിച്ചിട്ടുണ്ടെന്നും, തിരിച്ചടവ് മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി അംഗീകരിച്ചിട്ടില്ലാത്തതിനാൽ റിസർവ് ബാങ്ക് ഇടപെടണമെന്നും ആഗസ്ത് ഒമ്പതിന് അയച്ച കത്തിൽ രാഹുൽ പറഞ്ഞു.
ഒരു വർഷം മുമ്പാണ് കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായത്. വ്യാപകമായ കൃഷിനാശവും മറ്റ് വസ്തുക്കളുടെ നാശവും കാരണം വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഇതിനുപുറമെ ആഗോളവിപണിയിലെ വിലത്തകർച്ച അടക്കമുള്ള കാര്യങ്ങൾ തിരിച്ചടക്കാനുള്ള ശേഷിയെ ബാധിച്ചു.
ബാങ്കുകൾ സർഫേസി ആക്ട് പ്രകാരമുള്ള റിക്കവറി നടപടികൾ കൈക്കൊണ്ടതിനെ തുടർന്ന് കേരളം കർഷക ആത്മഹത്യകൾക്കും സാക്ഷിയായി. സംസ്ഥാന സർക്കാറും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ ബാങ്കുകൾ തയ്യാറാവുന്നില്ല.’ – കത്തിൽ പറയുന്നു.
മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിനൽകണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.