കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും നേരില്‍ കണ്ടാണ് രണ്ടാം ദിവസ പര്യടനം ആരംഭിച്ചത്. എം.പി ഓഫീസ് കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
രാഹുല്‍ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും തിരക്കായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്ക് മാത്രമേ ഗസ്റ്റ് ഹൗസില്‍ കടത്തിവിട്ടുള്ളൂ. ഇതിനിടയില്‍ വെല്‍ഫെര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാഹുലിനെ കണ്ടു.
ഇടതുപാര്‍ട്ടികളെ കൂടി യോജിപ്പിച്ച് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മതേതര സമൂഹത്തിന് ഊര്‍ജ്ജം പകരുന്ന തരത്തില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് രാഹുല്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് സിവില്‍ സ്‌റ്റേഷനിലേക്ക് ഇറങ്ങിയത്.
എം.പി ഓഫിസ് തുറന്നതിന് ശേഷം ഒരു മണിക്കൂറോളം രാഹുല്‍ അവിടെ ചിലവഴിച്ചു. വിവിധ സംഘടനകളില്‍ പെട്ട നേതാക്കള്‍ വിവിധ ആവിഷങ്ങള്‍ ഉന്നയിച്ചു രാഹുലിനെ കണ്ടിരുന്നു. എം.എല്‍.എമാരടക്കമുള്ള ജനപ്രധിനികളും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ രാഹുലിനെ ധരിപ്പിച്ചു.