India Kerala

ഷെഹ്‍ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന്കുടുംബത്തെ അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

പന്ത്രണ്ടു മണിയോടെയാണ് പുത്തൻകുന്നിലെ ഷെഹ്‌ലയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹ്‌ലയുടെ ഫോട്ടോകളും രാഹുൽ കാണാനായി ചോദിച്ചു വാങ്ങി. വയനാട്ടിൽ മെഡിക്കൽ കോളേജ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു ഷാഹ്‌ലയുടെ രക്ഷിതാക്കൾ രാഹുലിനോട് പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന കുട്ടികളോട് ഷഹ്‌ലയുടെ ഇഷ്ടങ്ങളെ കുറിച്ചും രാഹുൽ ചോദിച്ചു മനസിലാക്കി. എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് രാഹുൽ മടങ്ങിയത്.