സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ ദേശീയപാത 766 പൂര്‍ണമായി അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് സമര പന്തലിലെത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആരംഭിച്ചു.
ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരായ സമരം കൂടുതല്‍ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നാണ് വിവരം. ഇക്കാര്യം ഡല്‍ഹിയിലുള്ള നേതാക്കള്‍ രാഹുലിനെ അറിയിച്ചു.
സ്വതന്ത്ര മൈതാനിയിൽ യുവജന സംഘടനാ നേതാക്കൾ നടത്തിവരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരിയില്‍ നിന്ന് കര്‍ണാടക അതിര്‍ത്തിയിലേക്ക് കര്‍ഷകരുടെ നേതൃത്വത്തിലുള്ള ലോങ് മാര്‍ച്ച് ആരംഭിച്ചു. വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ യു.ഡി.എഫ് നേതാക്കള്‍ വിഷയമുന്നയിച്ച് വൈകീട്ട് കേന്ദ്രമന്ത്രിമാരെയും കാണുന്നുണ്ട്.