ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് രാഹുൽ ഗാന്ധി. ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം. സുരക്ഷയക്ക് സർക്കാർ മുൻഗണന നൽകണം. ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്. വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോയെന്ന് സുരേഷ് ഗോപി ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? ഇത് എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും രാത്രി എട്ടുമണിയോടെയാണ് ജന്‍മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.