വയനാട്ടില്‍ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി ഊരുകളും രാഹുല്‍ സന്ദര്‍ശിക്കും.
ഉച്ചക്ക് 12.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തുക. രണ്ട് മണിയോടെ ജില്ലയിലെ ആദ്യ പരിപാടിയില്‍ പങ്കെടുക്കും. തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ കൈമാറും. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് എന്നിവിടങ്ങളില്‍ പ്രളയ കെടുതികള്‍ നേരിട്ട ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
വൈകുന്നേരത്തോടെ പ്രളയബാധിതരുമായും തദ്ദേശ സ്ഥാപന അധികൃതരുമായും കൂടിക്കാഴ്ച. പ്രളയക്കെടുതി കാര്യമായി ബാധിച്ച എടവക പഞ്ചായത്തിലെ ചോമാടിപ്പൊയില്‍ കോളനി, മാനന്തവാടി ചെറുപുഴ എന്നിവിടങ്ങളിലെ ജനങ്ങളെ നേരില്‍കാണും. ആദ്യ ദിനത്തെ സന്ദര്‍ശനം കഴിഞ്ഞ് മാനന്തവാടിയിലെ ഫോറസ്റ്റ് റെസ്റ്റ് ഹൌസിലാണ് വിശ്രമം.
രണ്ടാം ദിവസം വിവിധ കോളനികളില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ കല്‍പ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൌസില്‍ വിശ്രമിക്കും. മൂന്നാം ദിനത്തില്‍ സുഗന്ധഗിരി മേഖലയിലാണ് പ്രധാന സന്ദര്‍ശനം. ജില്ലയില്‍ മാത്രം മൂന്ന് ദിവസം തങ്ങുന്ന രാഹുല്‍ വിവിധ ആദിവാസി ഊരുകളിലേക്ക് നേരിട്ടെത്താനുള്ള അവസരമായി കൂടി സന്ദര്‍ശന പരിപാടിയെ കാണുന്നുണ്ട്.