India Kerala

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് രാഹുല്‍

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട് മത്സരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.

മന്‍കി ബാത് നടത്താനല്ല വന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്. നിങ്ങളുടെ സഹോദരനായി, മകനായി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന പ്രദേശമാണ് വയനാടെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം തന്നതിന് നന്ദിയെന്നും രാഹുല്‍ പറഞ്ഞു.

വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വയനാട്. വിവിധ സമുദായങ്ങള്‍ ഒരുമയോടെ താമസിക്കുന്ന സ്ഥലമാണ് വയനാട്. ഇവിടെ വന്നത് നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാനാണ്, നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനാണ്, നിങ്ങളില്‍ നിന്ന് നേരിട്ട് അറിയാനാണ് ഇവിടെ വന്നത്. വയനാട്ടില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്. വന്യജീവികളുടെ ശല്യമുണ്ട്. അതിന് പരിഹാരം ഉണ്ടാകും. പരിഹാരം അടിച്ചേല്‍പ്പിക്കാനാല്ല താന്‍ വന്നത്. നിങ്ങളുടെ പക്കലില്‍ നിന്ന് തന്നെ അതിനുള്ള പരിഹാരം കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

മോദി രാജ്യത്തെ വിഭജിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലാണ് രാഹുലിന്‍റെ പ്രതികരണം.

സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ രാജീവ് ഗാന്ധിക്ക് ബലിതര്‍പ്പണം നടത്തി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറിലധികം കര്‍മങ്ങള്‍ക്കായി രാഹുല്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു.